പ്രതീക്ഷ കൈവിടരുതെന്ന് ഔസേപ്പച്ചൻ; രാജഗിരിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു

ആലുവ: കുട്ടികളിലെ നാഡീ-പേശി സംബന്ധമായ രോഗങ്ങളും തകരാറുകളും നേരത്തെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു. സംഗീതസംവിധായകൻ ഔസേപ്പച്ചൻ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ‘യവന കഥയിൽ നിന്ന് വന്ന…’ എന്ന ഹിറ്റ് ഗാനം ആലപിച്ച ഔസേപ്പച്ചൻ പ്രതീക്ഷ കൈവിടരുതെന്ന സന്ദേശവും നൽകി. ഇന്നത്തെ വേദനകൾ നാളത്തെ സദ്‌വാർത്തകളായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളിലെ നാഡീ-പേശി സംബന്ധമായ പ്രശ്നങ്ങൾ സമയബന്ധിതമായി തിരിച്ചറിഞ്ഞ് മികച്ച ചികിത്സയും പുനരധിവാസ പരിചരണവും നൽകുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം. വിവിധ ചികിത്സാ വിഭാഗങ്ങളുടെ ഏകോപനമാണ് ക്ലിനിക്കിന്റെ പ്രധാന സവിശേഷത.

പീഡിയാട്രിക് ന്യൂറോളജി, ന്യൂറോ-ഓർത്തോപീഡിക്സ് വിഭാഗങ്ങൾക്ക് പുറമെ മെഡിക്കൽ ജെനറ്റിക്സ്, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗങ്ങളും ക്ലിനിക്കിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.

രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സി.എം.ഐ അധ്യക്ഷത വഹിച്ചു. പീഡിയാട്രിക് ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. ദർശൻ ജയറാം ദാസ് ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

രാജഗിരി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. അശ്വിൻ കുമാർ കെ., ഡോ. ആഖിൽ നബുഹാൻ, ഡോ. ദേവി ശരണ്യ എസ്. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഫോട്ടോ: രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക്കിന്റെ ഉദ്ഘാടനം സംഗീതസംവിധായകൻ ഔസേപ്പച്ചൻ നിർവഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top