ആലുവ: റെയിൽ മാർഗം വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം എക്സൈസ് സംഘം തടഞ്ഞു. ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 21.380 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി ഹസ്സൻ (25) അറസ്റ്റിലായി.
‘ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി എക്സൈസും ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചേർന്നാണ് പരിശോധന നടത്തിയത്. ബിലാസ്പൂർ–എറണാകുളം ജംഗ്ഷൻ സൂപ്പർഫാസ്റ്റ് ട്രെയിനിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി.
സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 17 പാഴ്‌സലുകളിലായാണ് കഞ്ചാവ് ബാഗിൽ ഒളിപ്പിച്ചിരുന്നത്.
റെനിഗുണ്ടയിൽ നിന്ന് എത്തിച്ച കഞ്ചാവ് ആലുവ, പെരുമ്പാവൂർ മേഖലകളിൽ പ്രവർത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി വിതരണ സംഘത്തിന് കൈമാറാനായിരുന്നുവെന്നാണ് എക്സൈസ് അന്വേഷണത്തിൽ പറയുന്നത്.
ആലുവ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും ഇവിടെ നടത്തിയ പരിശോധനയിൽ 25 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.
പിടിയിലായ ഹസ്സനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഞ്ചാവ് കടത്തിന് പിന്നിലുള്ള സംഘത്തിലെ മറ്റ് കണ്ണികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ, ഷാഡോ ടീം അംഗങ്ങളായ രാജേഷ്, ജിബിനാസ്, അഷ്കർ, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എ.എസ്.ഐമാരായ സിജോ സേവ്യർ, വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.











