സത്യസന്ധതയുടെ മാതൃകയായി സജീവ്; ബാഗ് തിരികെ നൽകി

ആലുവ: പാസ്പോർട്ടും മടക്കയാത്രാ ടിക്കറ്റും വിലപിടിപ്പുള്ള വസ്തുക്കളുമടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ മറന്നുവെച്ച യാത്രക്കാരന് തുണയായി ഡ്രൈവർ സജീവിന്റെ സത്യസന്ധത. ബാഗ് കണ്ടെത്തിയ ഉടൻ ആലുവ പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉടമയ്ക്ക് തിരികെ ലഭിക്കാൻ സഹായിച്ച സജീവിന്റെ പ്രവൃത്തി മാതൃകയായി.

പാലക്കാട് പുതുപ്പരിയാരം സ്വദേശി സുരേഷ് വിമാനത്താവളത്തിൽനിന്ന് ലിങ്ക് ബസിൽ ആലുവ മെട്രോ സ്റ്റേഷനിലെത്തിയ ശേഷം ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നുവെച്ചു. തൃശൂരിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം സുരേഷ് തിരിച്ചറിഞ്ഞത്.

തുടർന്ന് ആലുവയിലെത്തി അന്വേഷിച്ചെങ്കിലും ഓട്ടോറിക്ഷ കണ്ടെത്താനായില്ല. ഇതോടെ പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണം ആരംഭിക്കുകയും വിവിധ ഗ്രൂപ്പുകളിലൂടെ വിവരങ്ങൾ കൈമാറുകയും ചെയ്തു.

അതിനിടെ ഓട്ടോറിക്ഷ വൃത്തിയാക്കുന്നതിനിടെയാണ് ഡ്രൈവർ സജീവ് ബാഗ് കണ്ടെത്തിയത്. വിലപ്പെട്ട രേഖകളും വസ്തുക്കളുമടങ്ങിയ ബാഗ് ഉടൻ ആലുവ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്.എച്ച്.ഒ രഞ്ജിത്ത് മാത്യു, എസ്.ഐമാരായ ബെന്നി കുര്യാക്കോസ്, കെ.കെ. സജീഷ് എന്നിവരുടെ സാന്നിധ്യത്തിൽ സജീവ് ബാഗ് കൈമാറി. വിലപ്പെട്ട രേഖകളും വസ്തുക്കളും നഷ്ടപ്പെട്ടതിന്റെ ആശങ്കയിലായിരുന്ന സുരേഷിന് സജീവിന്റെ സത്യസന്ധത വലിയ ആശ്വാസമായി.

വിലപ്പെട്ട വസ്തുക്കൾ കൈവശം ലഭിച്ചിട്ടും ഉടമയ്ക്ക് തിരികെ നൽകാൻ മുന്നിട്ടിറങ്ങിയ സജീവിന്റെ പ്രവൃത്തി മനുഷ്യനന്മയുടെയും സത്യസന്ധതയുടെയും മാതൃകയായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top