നെടുമ്പാശ്ശേരി: അത്താണിയിൽ മദ്യലഹരിയിൽ അമിതവേഗത്തിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്.
മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് മൂന്ന് വിദ്യാർഥികളുടെ മരണത്തിന് കാരണമായ പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ച നടപടി തെറ്റായ സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു. പണമുള്ളവർക്ക് എന്തും ചെയ്യാമെന്നും നിയമനടപടികളിൽനിന്ന് രക്ഷപ്പെടാമെന്നുമുള്ള ധാരണ ഇതിലൂടെ സമൂഹത്തിൽ ഉണ്ടാകാൻ ഇടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്യപിച്ച് വാഹനമോടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് തിരിച്ചറിയാനുള്ള പ്രായവും പക്വതയും പ്രതിക്കുണ്ടായിരുന്നു. അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽനിന്ന് മദ്യം കഴിച്ചശേഷം മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ചെന്നാണ് ആരോപണം. ഗുരുതരമായ കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരിച്ച മൂന്ന് പേർക്കും നീതി ലഭിക്കണം. കേസിൽ പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാരും പൊലീസും തയ്യാറാകണമെന്നും എസ്. സതീഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.











