ആലുവ: റോഡ് നിയമങ്ങൾ ലംഘിച്ചശേഷം മോട്ടോർ വാഹനവകുപ്പിന്റെ നോട്ടീസും ഹിയറിങ്ങും ഒഴിവാക്കി മുങ്ങിനടക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്താൻ നടപടി. നോട്ടീസ് കൈപ്പറ്റാതെ മടക്കിയയച്ചാലും വിലാസത്തിൽ ആളില്ലെന്ന് അറിയിച്ചാലും തുടർനടപടികളിൽനിന്ന് രക്ഷപ്പെടാനാകില്ല.
ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകേണ്ടതുണ്ട്. എന്നാൽ, ലൈസൻസിലെ വിലാസത്തിൽ ആളില്ലാത്തതും നോട്ടീസ് സ്വീകരിക്കാതെ മടക്കുന്നതും തുടർനടപടികൾ വൈകിപ്പിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ പുതിയ നീക്കം.
വിലാസത്തിൽ ആളില്ലാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ നോട്ടീസ് മടങ്ങിയെത്തിയാൽ ലൈസൻസ് എം-പരിവാഹൻ സംവിധാനത്തിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. ഇതോടെ ലൈസൻസ് പുതുക്കൽ, വിലാസം മാറ്റൽ തുടങ്ങിയ മോട്ടോർ വാഹനവകുപ്പിന്റെ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകാം. തുടർനടപടികൾക്കായി ബന്ധപ്പെട്ട ആർ.ടി.ഒ. ഓഫീസിനെ സമീപിക്കേണ്ടിവരും.
റോഡിലെ പരിശോധനയ്ക്കിടെ ലൈസൻസ് വിവരങ്ങൾ പരിശോധിക്കുമ്പോഴും ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത വിവരം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടും. നോട്ടീസും ഹിയറിങ്ങും ഒഴിവാക്കി നടപടികളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ നിയമനടപടികളുടെ പരിധിയിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, ലൈസൻസ് ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയതുകൊണ്ടുമാത്രം ഡ്രൈവിങ് അനുമതി സ്വമേധയാ റദ്ദാകില്ല.











