ഫിലിം സിറ്റിക്കായി ഉളിയന്നൂരിൽ 49 ഏക്കർ ഭൂമി വാഗ്ദാനം

ആലുവ: നിർദിഷ്ട ജെ.സി. ഡാനിയൽ ഫിലിം സിറ്റി പദ്ധതിക്കായി ആലുവയ്ക്കടുത്ത ഉളിയന്നൂർ ദ്വീപിൽ 49 ഏക്കർ ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് 14 ഭൂവുടമകൾ. ഭൂമി പദ്ധതിക്കായി ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാർക്കും ജില്ലാ കളക്ടർക്കും ഭൂവുടമകൾ നിവേദനം നൽകി.

ദേശീയപാതയിൽനിന്ന് 500 മീറ്റർ മാത്രം അകലെയുള്ള ഭൂമി തറവാടക വ്യവസ്ഥയിലോ തീറാധാരമായോ കൈമാറാൻ തയ്യാറാണെന്നാണ് ഭൂവുടമകളുടെ നിലപാട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ടും നിവേദനത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഫിലിം സിറ്റിക്കായി സർക്കാർ പരിഗണിക്കുന്ന ആമ്പല്ലൂർ, കടമ്പ്രയാർ പ്രദേശങ്ങൾക്കു പകരം ഉളിയന്നൂരിനെയും പരിഗണിക്കണമെന്നാണ് ആവശ്യം.

നാലുവശവും പെരിയാറിനാൽ ചുറ്റപ്പെട്ട ഉളിയന്നൂർ പ്രകൃതിഭംഗികൊണ്ടും സിനിമാ ചിത്രീകരണ സാധ്യതകൾകൊണ്ടും ശ്രദ്ധേയമാണ്. സൂപ്പർഹിറ്റ് ചിത്രം പ്രേമം ഉൾപ്പെടെ നിരവധി സിനിമകൾക്ക് ഈ പ്രദേശം ചിത്രീകരണ വേദിയായിട്ടുണ്ട്. ആലുവ നഗരത്തോട് ചേർന്നുകിടക്കുന്ന ഉളിയന്നൂർ പറവൂർ താലൂക്കിലെ കടുങ്ങല്ലൂർ പഞ്ചായത്തിന്റെ ഭാഗമാണ്.

ചരിത്രപ്രാധാന്യവും ഉളിയന്നൂരിന്റെ പ്രത്യേകതയാണ്. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ ജന്മനാടെന്ന നിലയിൽ അറിയപ്പെടുന്ന ഇവിടെ പെരുന്തച്ചനുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന മഹാദേവ ക്ഷേത്രവുമുണ്ട്. പ്രകൃതിഭംഗി, ചരിത്രപശ്ചാത്തലം, ദേശീയപാതയോടുള്ള സാമീപ്യം എന്നിവ ഫിലിം സിറ്റി പദ്ധതിക്ക് അനുയോജ്യമായ ഘടകങ്ങളാണെന്ന് ഭൂവുടമകൾ ചൂണ്ടിക്കാട്ടുന്നു.

ജെ.സി. ഡാനിയൽ ഫിലിം സിറ്റിക്കായി സർക്കാർ ബജറ്റിൽ 100 കോടി രൂപ നീക്കിവെച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും പദ്ധതിക്കായി സർക്കാർ ഭൂമിയാണ് പരിഗണിക്കുന്നതെന്നത് ഉളിയന്നൂരിന്റെ സാധ്യതകൾക്ക് വെല്ലുവിളിയാണ്. ഭൂവുടമകൾ മുന്നോട്ടുവെച്ച 49 ഏക്കർ ഭൂമിയുടെ വാഗ്ദാനം സർക്കാർ പരിഗണിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top