ആലുവ: ചൂർണിക്കര പഞ്ചായത്തിലെ മാന്ത്രയ്ക്കൽ റെയിൽവേ തുരങ്കപാതയ്ക്ക് സമീപം കാടുകയറിയതും മാലിന്യം തള്ളുന്നതും നാട്ടുകാർക്ക് ദുരിതമാകുന്നു. ദുർഗന്ധവും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായതോടെ ഇതുവഴിയുള്ള യാത്രയും ഭീതിയിലായിരിക്കുകയാണ്.
റെയിൽവേ പാളവും ദേശീയപാതയും വേർതിരിക്കുന്നതിനാൽ പഞ്ചായത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലുള്ളവർക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായാണ് തുരങ്കപാത നിർമിച്ചത്. നിരവധി വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ദിവസേന ഈ വഴി ഉപയോഗിക്കുന്നുണ്ട്.
എന്നാൽ തുരങ്കപാതയുടെ ഇരുവശങ്ങളിലും നാലടി ഉയരത്തിൽ വരെ കാട് വളർന്നതോടെ പകൽസമയത്തുപോലും ഇതുവഴി നടക്കാൻ ആളുകൾ ഭയപ്പെടുകയാണ്. കാടിനുള്ളിൽ പഴകിയ ഭക്ഷണസാധനങ്ങളും വളർത്തുമൃഗങ്ങളുടെ ജഡങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ പരിസരം മാലിന്യക്കൂമ്പാരമായി മാറി. മാലിന്യം തേടി തെരുവുനായ്ക്കളും കൂട്ടത്തോടെ എത്തുന്നുണ്ട്.
മുമ്പ് ഇവിടെ പഞ്ചായത്തിന്റെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവ പ്രവർത്തനരഹിതമായതോടെയാണ് മാലിന്യം തള്ളൽ വർധിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. കാട് വെട്ടിത്തെളിച്ച് മാലിന്യം നീക്കം ചെയ്യുന്നതിനും നിരീക്ഷണ ക്യാമറകൾ പുനഃസ്ഥാപിച്ച് തുരങ്കപാത പരിസരം സുരക്ഷിതമാക്കുന്നതിനും പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









