അപകടാവസ്ഥയിൽ പഞ്ചായത്ത് കെട്ടിടം

ആലുവ: ദേശീയപാതയോരത്തെ ചൂർണിക്കര പഞ്ചായത്ത് ഓഫീസിന്റെ പഴയ കെട്ടിടം അപകടാവസ്ഥയിൽ. പുതിയ കെട്ടിടം നിർമിക്കാൻ 1.80 കോടി രൂപ എംഎൽഎ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും, കടമുറി വാടകയ്ക്കെടുത്തയാൾ കോടതിയെ സമീപിച്ചതോടെ നിർമാണ നടപടികൾ നിയമക്കുരുക്കിലായി.

പഴയ കെട്ടിടത്തിന്റെ മുകളിൽനിന്ന് കോൺക്രീറ്റ് തേപ്പും കല്ലുകളും അടർന്നുവീഴുന്നത് വഴിയാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്. തൃശൂർ ഗവ. എൻജിനിയറിങ് കോളേജിൽനിന്നുള്ള വിദഗ്ധസംഘത്തിന്റെ പരിശോധനയിൽ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. ദുരന്തനിവാരണ ചുമതലയുള്ള ജില്ലാ കലക്ടറും ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നാണ് പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയത് നിർമിക്കാൻ മുൻ ഭരണസമിതി തീരുമാനിച്ചത്. അൻവർ സാദത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.80 കോടി രൂപ അനുവദിക്കുകയും ചെയ്തു.

നിർമാണത്തിനുള്ള ടെൻഡർ നടപടികളിലേക്ക് കടന്നപ്പോഴാണ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കട നടത്തുന്ന വാടകക്കാരൻ കോടതിയെ സമീപിച്ചത്. ഇതോടെ നടപടികൾ നിർത്തിവച്ചു. കോടതി വിധിക്ക് വിധേയമായി മാത്രമേ കെട്ടിടം പൊളിക്കണോ നിലനിർത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീർ ചൂർണിക്കര പറഞ്ഞു.

കെട്ടിടത്തിന്റെ അപകടാവസ്ഥ ജനങ്ങളെ അറിയിക്കാൻ പ്രവേശന കവാടത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇവിടെ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ സിഡിഎസ് ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്, വിഇഒ ഓഫീസ്, സീനിയർ സിറ്റിസൺ ഓഫീസ് എന്നിവ നേരത്തേ മാറ്റി. കോൺഫറൻസ് ഹാൾ, വൈസ് പ്രസിഡന്റിന്റെ ഓഫീസ്, സ്ഥിരംസമിതി അധ്യക്ഷന്മാരുടെ ഓഫീസുകൾ എന്നിവയും മാറ്റിയിട്ടുണ്ട്.

കോടതിയെ സമീപിച്ച വ്യക്തിയുടെ കടമുറി മാത്രമാണ് നിലവിൽ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഴയ കെട്ടിടത്തിന് പിന്നിലുള്ള മറ്റൊരു കെട്ടിടത്തിലാണ് ഇപ്പോൾ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top