നവംബർ 3 മുതൽ സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി. ആലുവ.. മിനിമം ബസ് ചാർജ് 20 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നവംബർ 3 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന ആറു സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമരം പ്രഖ്യാപിച്ചത്.

2022ൽ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതെന്നും ഇന്ധനവിലയും മറ്റ് പ്രവർത്തനച്ചെലവുകളും വർധിച്ച സാഹചര്യത്തിൽ നിരക്ക് വർധന അനിവാര്യമാണെന്നും ബസുടമകൾ പറഞ്ഞു. 2011ലാണ് വിദ്യാർഥികളുടെ കൺസഷൻ നിരക്ക് അവസാനമായി വർധിപ്പിച്ചതെന്നും നിലവിലെ നിരക്ക് കാലോചിതമായി പരിഷ്കരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസുകൾ സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായും സംഘടനകൾ ആരോപിച്ചു. പദ്ധതി നടപ്പാക്കുന്നതിൽ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ബസുടമകളുടെ വിമർശനം. പ്രിയദർശിനി പദ്ധതിയെ എതിർക്കുന്നില്ലെങ്കിലും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്നും പ്രശ്നങ്ങൾ പഠിക്കാൻ മൂന്ന് കമ്മിഷനുകളെ നിയോഗിച്ചെങ്കിലും തുടർനടപടികളുണ്ടായില്ലെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ കുറഞ്ഞതായും അവർ ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം നൽകുന്നതുപോലെ അഞ്ചും ആറും പേർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ ബസ് ഉടമകളെയും സർക്കാർ പിന്തുണയ്ക്കണം. മിനിമം ചാർജും വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top