ശുദ്ധജലമെന്ന വ്യാജേന മലിനജല വിൽപ്പന; രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ്

ആലുവ: ശുദ്ധജലമെന്ന വ്യാജേന ടാങ്കർ ലോറികളിൽ മലിനജലം വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് തായിക്കാട്ടുകരയിലെ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ചൂർണിക്കര ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകി.

പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപം തായിക്കാട്ടുകര ഗാരേജ്, വലിയപാടത്ത് ഡെന്നീസ്, കടത്തുകുളം മരിയ ഹെലൻ വർഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.

വൃത്തിഹീനമായ സാഹചര്യത്തിലുള്ള കിണറുകളിൽ നിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെ ടാങ്കർ ലോറികളിലേക്ക് പമ്പ് ചെയ്ത് വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ചൂർണിക്കരയിലെ നാല് ശുദ്ധജല വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കിണർവെള്ളത്തിന്റെ സാമ്പിളുകളും ശേഖരിച്ചു.

പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്നുള്ള വെള്ളത്തിൽ ഉയർന്ന തോതിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. വെള്ളത്തിന്റെ സാമ്പിളുകൾ പലതവണ പരിശോധിച്ച് മലിനമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്.

മലിനജലം ടാങ്കർ ലോറികളിൽ നിറച്ച് കാക്കനാട്, കൊച്ചി നഗര മേഖലകളിലെ ഫ്ലാറ്റുകളിലേക്ക് വിതരണം ചെയ്തിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് നസീർ ചൂർണിക്കര പറഞ്ഞു.

അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയ സ്ഥാപനങ്ങളിലെ കിണറുകളുടെ മോശം അവസ്ഥ മറച്ചുവയ്ക്കുന്നതിനായി കിണറുകൾ അടച്ചുകെട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു. തോടുകളോട് ചേർന്നുള്ള പുരയിടങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ച് തോട്ടിലെ വെള്ളം സംഭരിച്ച് ശുദ്ധീകരിക്കാതെ ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്നതായും പരാതിയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top