നെടുമ്പാശേരി: ചാലക്കുടി ഇടതുകര കനാലിൽ വെള്ളം തുറന്നുവിടാത്തതിനെ തുടർന്ന് രണ്ടാം വിള നെൽകൃഷി ആരംഭിക്കാൻ കഴിയാതെ കർഷകർ. കനാൽ വെള്ളത്തിന്റെ ലഭ്യതയില്ലാത്തതിനാൽ കൃഷിയിറക്കുന്നത് വൈകുകയാണ്.
കൃഷിഭവൻ വഴി ലഭിച്ച വിത്ത് ഉപയോഗിച്ച് ഞാറ്റടി തയ്യാറാക്കുന്നതിനുള്ള സമയവും ഇതിനകം പിന്നിട്ടതായി കർഷകർ പറയുന്നു. നീർച്ചാലുകളും തോടുകളും വറ്റിവരണ്ട നിലയിലാണ്. മെയിൻ കനാലുകളുടെയും ബ്രാഞ്ച് കനാലുകളുടെയും അറ്റകുറ്റപ്പണികളും ഇതുവരെ പൂർത്തിയായിട്ടില്ല. പല തോടുകളിലും പുല്ലും കാടും വളർന്ന് കിടക്കുകയാണ്.
സമീപ പഞ്ചായത്തുകളിലും സമാനമായ സ്ഥിതിയാണെന്നാണ് കർഷകർ പറയുന്നത്. കനാൽ വെള്ളത്തിന്റെ ലഭ്യതയെ ആശ്രയിച്ചാണ് പ്രദേശത്തെ കിണറുകളിലും ജലലഭ്യത ഉണ്ടാകുന്നത്. വെള്ളമില്ലാത്തതിനാൽ വാഴ, ജാതി, പച്ചക്കറി തുടങ്ങിയ കൃഷികളും ഉണങ്ങി നശിക്കുന്ന സ്ഥിതിയിലാണ്.
മാമ്പ്ര പാടശേഖരത്തിൽ മാത്രം 70 ഏക്കറിലധികം വിസ്തൃതിയുണ്ടെങ്കിലും വെള്ളമില്ലാത്തതിനാൽ ഇതുവരെ കൃഷിയിറക്കാനായിട്ടില്ല. ഒക്ടോബർ ആദ്യത്തോടെ വിത്തിട്ടാൽ മാത്രമേ ഒക്ടോബർ അവസാനത്തോടെ ഞാറ് പറിച്ചുനടാൻ കഴിയുകയുള്ളൂവെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കനാലുകളും തോടുകളും വൃത്തിയാക്കുന്നതിനുള്ള ചുമതല ഇറിഗേഷൻ വകുപ്പിനാണ്. മുൻകാലങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിയിലൂടെയും മറ്റും തോടുകൾ വൃത്തിയാക്കിയിരുന്നു. എന്നാൽ ഈ വർഷം ഇത്തരം പ്രവർത്തനങ്ങൾ നടന്നിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളികൾക്ക് വൃത്തിയാക്കാൻ കഴിയാത്ത വിധം തോടുകളിൽ കാട് വളർന്നിരിക്കുകയാണെന്നും കർഷകർ പറയുന്നു.
ചാലക്കുടി ഇടതുകര കനാൽ അധികൃതരും ബന്ധപ്പെട്ട പഞ്ചായത്തുകളും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കർഷകരെ സഹായിക്കണമെന്ന് പാറക്കടവ് കൃഷിഭവൻ എഡിസി അംഗം സി.പി. അനിരുദ്ധൻ അഭ്യർത്ഥിച്ചു.











