റോഡിൽ പോത്തിൻകൂട്ടം; യാത്രക്കാർക്ക് ഭീഷണി

ആലുവ: ചൂർണിക്കര പഞ്ചായത്തിലെ പൈപ്പ് ലൈൻ റോഡിലും കട്ടേപ്പാടം മേഖലയിലും അലഞ്ഞുതിരിയുന്ന പോത്തിൻകൂട്ടം യാത്രക്കാർക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം പോത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. പോത്തിനെ പിടികൂടി രണ്ടര മണിക്കൂർ കാത്തിട്ടും ഉടമ എത്താതിരുന്നതോടെ പഞ്ചായത്ത് അധികൃതർ 35,000 രൂപയ്ക്ക് ലേലം ചെയ്തു.

അശോകപുരം കാർമൽ ജംക്‌ഷനിൽനിന്ന് തായിക്കാട്ടുകര കുന്നുംപുറത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കട്ടേപ്പാടം മാരിയിൽ റോഡിൽ യുവാവിനെ പോത്ത് ആക്രമിച്ചത്. ബൈക്ക് മറിഞ്ഞതിനെത്തുടർന്ന് യുവാവിന്റെ രണ്ട് വിരലുകൾക്ക് മുറിവേറ്റു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

പോത്തിനെ പിടികൂടി കെട്ടിയെങ്കിലും രണ്ടര മണിക്കൂർ കഴിഞ്ഞിട്ടും ഉടമ എത്തിയില്ല. തുടർന്നാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ലേലം നടത്തിയത്. ഉടമയെ കണ്ടെത്തിയാൽ യുവാവിന്റെ ചികിത്സാച്ചെലവും ബൈക്ക് നന്നാക്കാനുള്ള തുകയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

പൈപ്പ് ലൈൻ റോഡ്, കുന്നത്തേരി കവല, മാരിയിൽ ലൈൻ എന്നിവിടങ്ങളിൽ ഏറെക്കാലമായി കന്നുകാലി ശല്യം രൂക്ഷമാണ്. പുല്ലും വെള്ളവും ലഭിക്കുമെന്നതിനാൽ ഉടമകൾ കന്നുകാലികളെ അഴിച്ചുവിടുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. തെരുവുവിളക്കുകളില്ലാത്ത റോഡുകളിൽ രാത്രികാലത്ത് തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് പോത്തിൻകൂട്ടത്തെ കാണാനാകുന്നത്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു.

പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പോത്തുകളെ വളർത്താനുള്ള തൊഴുത്തോ മറ്റ് സൗകര്യങ്ങളോ പല ഉടമകൾക്കുമില്ലെന്നും നാട്ടുകാർ പറയുന്നു. അലഞ്ഞുതിരിയുന്ന കന്നുകാലികൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top