ആലുവ: ബലക്ഷയം വർധിച്ചതിനെ തുടർന്ന് ആലുവയിലെ റൂറൽ ജില്ലാ പോലീസ് ആസ്ഥാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പുതിയ മന്ദിരത്തിന്റെ നിർമാണം പൂർണമായും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് നിലവിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ മാറ്റാൻ തീരുമാനിച്ചത്. മിനി സ്‌റ്റീരിയൽ വിഭാഗത്തിലെ അഞ്ച് സെക്ഷനുകളിലെ കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും ആദ്യം മാറ്റും. നവംബർ 15നകം ഓഫീസിന്റെ പ്രവർത്തനം പൂർണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.
പുതിയ കെട്ടിടത്തിൽ ജനലുകളും വാതിലുകളും സ്ഥാപിച്ചിട്ടില്ല. വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സുരക്ഷയ്ക്കായി പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ടൈൽ വിരിക്കൽ ഉൾപ്പെടെയുള്ള ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഓഫീസ് മാറ്റിയ ശേഷമായിരിക്കും ഇന്റീരിയർ ജോലികൾ നടത്തുകയെന്നാണ് സൂചന.
മൂന്ന് വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് 2022 മാർച്ച് 15നാണ് പുതിയ എസ്.പി ഓഫീസ് മന്ദിരത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ നാലര വർഷത്തോടടുക്കുമ്പോഴും നിർമാണം പൂർത്തിയായിട്ടില്ല. പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷന്റെ നേതൃത്വത്തിൽ 10.8 കോടി രൂപ ചെലവിൽ അഞ്ച് നിലകളിലായി 36,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്.
അതേസമയം, നിലവിൽ എസ്.പി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം 1984ൽ നിർമിച്ചതാണ്. കെട്ടിടത്തിന്റെ ബലക്ഷയം വർധിച്ചുവരുന്നതായും പൊതുമരാമത്ത് വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ മന്ദിരത്തിലേക്ക് മാറാനുള്ള നീക്കം വേഗത്തിലാക്കിയത്.











