ജനകീയ ഹോട്ടൽ അടച്ചിട്ട് രണ്ട് മാസം; നഗരസഭാ കൗൺസിലിൽ ബിജെപി പ്രതിഷേധം

ആലുവ: ജനകീയ ഹോട്ടൽ അടച്ചുപൂട്ടിയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും പുനരാരംഭിക്കാൻ നടപടിയില്ലാത്തതും ആലുവ മാർക്കറ്റിന്റെ നിർമാണം മുടങ്ങിയതും ചൂണ്ടിക്കാട്ടി നഗരസഭാ കൗൺസിലിൽ ബിജെപി അംഗങ്ങളുടെ പ്രതിഷേധം. വിഷയങ്ങളിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാരായ ശ്രീലത രാധാകൃഷ്ണൻ, ധനലക്ഷ്മി ആനന്ദ്, രജനി ശ്രീകാന്ത് എന്നിവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.

നഗരസഭയിൽ ഭരണസ്തംഭനമാണെന്നും ഭരണസമിതിയുടെ പ്രവർത്തനം കെടുകാര്യസ്ഥതയുടെ ഉദാഹരണമാണെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിച്ചിരുന്ന ജനകീയ ഹോട്ടൽ അടിയന്തരമായി തുറന്നുപ്രവർത്തിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

30 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിച്ചിരുന്ന ഹോട്ടൽ നഗരസഭാ ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് ആശ്രയമായിരുന്നു. കോവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചനായി ആരംഭിച്ച സ്ഥാപനം പിന്നീട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലായി പ്രവർത്തിക്കുകയായിരുന്നു. പുതിയ ടെൻഡർ നടപടികളിലൂടെ ഹോട്ടൽ വീണ്ടും തുറക്കുമെന്ന് നഗരസഭാധ്യക്ഷ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ തുടർനടപടികളുണ്ടായില്ലെന്നാണ് ബിജെപി അംഗങ്ങളുടെ ആരോപണം.

ആലുവ മാർക്കറ്റിന്റെ നിർമാണം നിലച്ചതും കൗൺസിലിൽ വിമർശനത്തിനിടയാക്കി. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് വ്യക്തമായ വിശദീകരണം ലഭിച്ചില്ലെന്നും കൗൺസിൽ യോഗത്തിന് ആവശ്യമായ ശബ്ദസംവിധാനം ഒരുക്കുന്നതിൽപ്പോലും വീഴ്ചയുണ്ടായെന്നും ബിജെപി കൗൺസിലർമാർ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top