ആലുവ: യുസി കോളേജ് ഐ.ക്യു.എ.സി.യുടെ ആഭിമുഖ്യത്തിൽ അനധ്യാപക ജീവനക്കാർക്കായി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാനതല പരിശീലന പരിപാടി ആരംഭിച്ചു. പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) മിനി ആലീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ്പ് ഉദ്ഘാടനം നിർവഹിച്ചു. ബർസാർ എൽദോ വർഗീസ്, ഓഫീസ് സൂപ്രണ്ട് സന്തോഷ് സി.എം., ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. സിമി പുഷ്പൻ, ക്രിസ്മോൻ തോമസ് എന്നിവർ സംസാരിച്ചു.
സർക്കാർ പോർട്ടലുകൾ, ഔദ്യോഗിക നടപടിക്രമങ്ങൾ എന്നിവയിൽ ജീവനക്കാർക്ക് പ്രായോഗിക പരിജ്ഞാനം നൽകുകയും പ്രവർത്തനക്ഷമത വർധിപ്പിക്കുകയുമാണ് പരിശീലനത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്കു കീഴിലുള്ള 40-ഓളം എയ്ഡഡ് കോളേജുകളിൽനിന്നായി 150-ഓളം അനധ്യാപക ജീവനക്കാർ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.
പരിശീലനത്തിന്റെ ആദ്യദിനത്തിൽ പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ വകുപ്പ് സീനിയർ സൂപ്രണ്ട് ഗോപകുമാരൻ നായർ എസ്. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. തുടർന്ന് യുസി കോളേജ് മ്യൂസിക് ബാൻഡ്, സ്വരലയ, ഡി-ട്രിക്സ് ഡാൻസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും അരങ്ങേറി.
രണ്ടാംദിനത്തിൽ നടന്ന വിവിധ പരിശീലന സെഷനുകൾക്ക് എറണാകുളം മഹാരാജാസ് കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സജിത്ത് ധനപാൽ, തൃക്കാക്കര ഗവൺമെന്റ് മോഡൽ എൻജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ യാമിനി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.











