തണൽമരങ്ങൾ വെട്ടിനിരത്തി.

ആലുവ: അപകടകരമായി നിൽക്കുന്ന മരങ്ങളുടെ കൊമ്പുകളും ചില്ലകളും മുറിച്ചുമാറ്റണമെന്ന നഗരസഭയുടെ നിർദേശത്തിന്റെ മറവിൽ ദേശീയപാതയോരത്തെ തണൽമരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിച്ചതായി പരാതി. ആലുവയിലെ തിരക്കേറിയ ബൈപാസ് കവലയിലെ ദീർഘദൂര ബസ് യാത്രക്കാർക്ക് വർഷങ്ങളായി ആശ്വാസമായിരുന്ന മരങ്ങൾ പോലും വെട്ടിമാറ്റിയതോടെ പ്രതിഷേധം ശക്തമാകുന്നു.

ദേശീയപാതയോരത്ത് അപകടസാധ്യത സൃഷ്ടിക്കുന്ന മരങ്ങളുടെ കൊമ്പുകൾ നീക്കണമെന്നാണ് നഗരസഭ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും തൊഴിലാളികളും എത്തി കണ്ണിൽപ്പെട്ട മരങ്ങളും ചെടികളും വ്യാപകമായി വെട്ടിനശിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. യാത്രക്കാർക്ക് തണലേകിയിരുന്ന മരങ്ങൾ കൂടി ഇല്ലാതായതോടെ ബസ് കാത്തുനിൽക്കുന്നവർക്ക് ഇനി വെയിലും മഴയും നേരിടേണ്ടിവരും.

എറണാകുളം ഭാഗത്തേക്കും തെക്കൻ ജില്ലകളിലേക്കും പോകുന്ന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന ബസ് കാത്തിരിപ്പുകേന്ദ്രമാണിത്. ഇവിടെ ഉണ്ടായിരുന്ന ചെറിയ മരങ്ങൾ വാഹനഗതാഗതത്തിനോ കാൽനടയാത്രക്കാർക്കോ തടസ്സമായിരുന്നില്ല. എന്നിട്ടും അവ വെട്ടിമാറ്റിയതിൽ നാട്ടുകാരും യാത്രക്കാരും അതൃപ്തിയിലാണ്.

കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ്, ഡീലക്സ്, സ്വിഫ്റ്റ് തുടങ്ങിയ ബസുകൾ ആലുവ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാത്തതിനാൽ ഇത്തരം സർവീസുകളിൽ യാത്ര ചെയ്യുന്നവർ മെട്രോ സ്റ്റേഷനു സമീപമുള്ള ബൈപാസ് ഭാഗത്താണ് ബസ് കാത്തുനിൽക്കുന്നത്. തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാരും മെട്രോയിൽ വന്നിറങ്ങി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവരും ഈ സ്ഥലത്തെയാണ് ആശ്രയിക്കുന്നത്.

എന്നാൽ കെഎസ്ആർടിസി ബസുകൾക്കും അന്തർസംസ്ഥാന സ്വകാര്യ ബസുകൾക്കും ഇവിടെ ഔദ്യോഗിക ബസ് സ്റ്റോപ്പ് ഒരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. വാഹനങ്ങൾ അതിവേഗത്തിൽ കടന്നുപോകുന്ന ദേശീയപാതയോരത്ത് ആവശ്യമായ സുരക്ഷാസൗകര്യങ്ങളില്ലാതെയാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. തണൽമരങ്ങൾ കൂടി ഇല്ലാതായതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി.

സുരക്ഷിതമായ ബസ് കാത്തിരിപ്പുകേന്ദ്രവും തണലും ഒരുക്കുന്നതിന് പകരം നിലവിലുണ്ടായിരുന്ന മരങ്ങൾ പോലും വെട്ടിമാറ്റിയ നടപടി പുനഃപരിശോധിക്കണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top