ആലുവ ജനറൽ മാർക്കറ്റ്: പണി പുനരാരംഭിക്കും, സമയപരിധി നിശ്ചയിച്ചു

ആലുവ: അനിശ്ചിതത്വം നീളുന്ന ആലുവ നഗരസഭാ ജനറൽ മാർക്കറ്റിന്റെ നിർമാണം പുനരാരംഭിക്കാനും നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനും പുതിയ ഷെഡ്യൂളിൽ ധാരണയായി. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും നഗരസഭയും ഇതുസംബന്ധിച്ച ഷെഡ്യൂളിൽ ഒപ്പുവച്ചു. ഈ മാസം 26ന് നിർമാണം പുനരാരംഭിച്ച് 2027 സെപ്റ്റംബർ 27നകം പൂർത്തിയാക്കാനാണ് തീരുമാനം.

മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന്റെയും അൻവർ സാദത്ത് എം.എൽ.എയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പുതിയ സമയക്രമത്തിന് അംഗീകാരമായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 50 കോടി രൂപ വിനിയോഗിച്ചാണ് മാർക്കറ്റ് നിർമിക്കുന്നത്. തീരദേശ വികസന കോർപറേഷനാണ് നിർവഹണ ഏജൻസി.

മാർക്കറ്റിന്റെ നിർമാണത്തിനായി ഇതുവരെ 201 പൈലുകൾ പൂർത്തിയാക്കിയതായും 147 പൈലുകൾ കൂടി നിർമിക്കാനുണ്ടെന്നും കരാറുകാർ യോഗത്തെ അറിയിച്ചു. നിർമാണം അനിശ്ചിതമായി നീളുന്നതിലുള്ള അതൃപ്തി എം.എൽ.എയും നഗരസഭാ അധികൃതരും ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികളെ അറിയിച്ചു.

പുതിയ ഷെഡ്യൂൾ പ്രകാരം നിർമാണം മുന്നോട്ടുപോകണമെന്നും ഇനിയും പ്രവൃത്തി സ്തംഭിക്കുന്ന സാഹചര്യമുണ്ടായാൽ കരാർ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി എം.എൽ.എയുടെ അധ്യക്ഷതയിൽ എല്ലാ മാസവും അവലോകന യോഗം ചേരാനും തീരുമാനിച്ചു.

നഗരസഭാധ്യക്ഷ സൈജി ജോളി, ഉപാധ്യക്ഷൻ ഫാസിൽ ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ജെയിംസ്, തീരദേശ വികസന കോർപറേഷൻ എം.ഡി. ഡി.പി.ഐ. ഷെയ്ക്ക് പരീത്, ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ സുരേഷ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top