ആലുവ നഗരസഭയിൽ ഇനി മൈക്ക് തകരാറില്ല; ഡിജിറ്റൽ സംവിധാനം സജ്ജം

ആലുവ: നഗരസഭ കൗൺസിൽ യോഗങ്ങളിലെ ചർച്ചകൾ ഇനി കൂടുതൽ വ്യക്തമായി കേൾക്കാം. കാലപ്പഴക്കം ചെന്ന മൈക്കുകളും ശബ്ദസംവിധാനവും മാറ്റി കൗൺസിൽ ഹാളിൽ ആധുനിക ഡിജിറ്റൽ കോൺഫറൻസ് സംവിധാനം സ്ഥാപിച്ചു.

കാൽനൂറ്റാണ്ടോളം പഴക്കമുള്ള മൈക്കുകളും സൗണ്ട് സിസ്റ്റവും തകരാറിലായത് കൗൺസിൽ യോഗങ്ങളിൽ പലതവണ വിവാദമായിരുന്നു. ഈ മാസം 14ന് നടന്ന യോഗത്തിൽ മൈക്ക് തകരാറിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. അംഗങ്ങൾ മെഗാഫോണുമായെത്തിയത് ചർച്ചയായിരുന്നു. യോഗത്തിൽനിന്ന് വാക്കൗട്ട് നടത്തിയ ബി.ജെ.പി. അംഗങ്ങളും മൈക്കിന്റെ തകരാറിനെ ചോദ്യം ചെയ്തു. ഒരാഴ്ചയ്ക്കകം സംവിധാനം മാറ്റിസ്ഥാപിക്കുമെന്ന് അന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഉപാധ്യക്ഷൻ ഫാസിൽ ഹുസൈൻ ഉറപ്പുനൽകിയിരുന്നു.

മുൻ കൗൺസിലുകളുടെ കാലത്തും മൈക്ക് തകരാറിനെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ 5.5 ലക്ഷം രൂപ ചെലവിലാണ് പുതിയ ഡിജിറ്റൽ കോൺഫറൻസ് സംവിധാനം സ്ഥാപിച്ചത്.

ഡിജിറ്റൽ കോൺഫറൻസ് കൺട്രോളർ, അധ്യക്ഷയുടെ മൈക്രോഫോൺ യൂണിറ്റ്, 250 വാട്ട് പി.എ. പവർ ആംപ്ലിഫയർ, ആറ് വാൾ മൗണ്ട് സ്പീക്കറുകൾ, ഡിജിറ്റൽ ഓഡിയോ ഫീഡ്ബാക്ക് കൺട്രോളർ തുടങ്ങിയവയാണ് പുതിയ സംവിധാനത്തിലുള്ളത്.

കൗൺസിലർമാരുടെ പ്രസംഗങ്ങൾ വ്യക്തമായി കേൾക്കുന്നതിനൊപ്പം അനാവശ്യ പ്രതിധ്വനിയും ഫീഡ്ബാക്കും നിയന്ത്രിക്കാനും സംവിധാനത്തിലൂടെ കഴിയും. മൈക്രോഫോണുകൾ ഡിജിറ്റലായി നിയന്ത്രിക്കാനും യോഗനടപടികൾ യു.എസ്.ബി. വഴി റെക്കോർഡ് ചെയ്യാനും സൗകര്യമുണ്ട്. അധ്യക്ഷയ്ക്ക് കൗൺസിലർമാരുടെ മൈക്രോഫോണുകൾ നിയന്ത്രിക്കാനും ഡെലിഗേറ്റ് യൂണിറ്റുകളിലെ വോട്ടിങ് സൗകര്യം ഉപയോഗപ്പെടുത്താനും കഴിയും.

രണ്ടുവർഷത്തെ ഓൺസൈറ്റ് വാറന്റിയോടെയാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നതെന്ന് നഗരസഭാധ്യക്ഷ സൈജി ജോളി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top