ആലുവ ചിൽഡ്രൻസ് പാർക്ക് ഇന്ന് തുറക്കും

ആലുവ: പുതിയ കളിയുപകരണങ്ങളും നവീകരിച്ച സൗകര്യങ്ങളുമായി ആലുവ മുനിസിപ്പൽ ചിൽഡ്രൻസ് പാർക്ക് വീണ്ടും കുട്ടികൾക്കായി തുറന്നുകൊടുക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

കുട്ടികൾക്കായി സ്പൈറൽ സ്ലൈഡ്, സ്ട്രെയിറ്റ് സിംഗിൾ റൈഡ്, മൾട്ടി പ്ലേ സ്റ്റേഷൻ എന്നിവയാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. നിലവിലുള്ള കളിയുപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തി പെയിന്റ് ചെയ്ത് ഉപയോഗയോഗ്യമാക്കി. പാർക്കിന്റെ സുരക്ഷയ്ക്കായി ഗ്രീൻ മെഷ് നെറ്റും സ്ഥാപിച്ചിട്ടുണ്ട്.

മുതിർന്ന പൗരന്മാർക്കായി പ്രത്യേക വിശ്രമകേന്ദ്രവും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ട്രാഫിക് പാർക്ക്, കളിയുപകരണങ്ങൾ സൂക്ഷിക്കുന്ന കെട്ടിടങ്ങൾ, സാംസ്കാരിക കേന്ദ്രം, ശുചിമുറികൾ എന്നിവയും നവീകരിച്ചു.

നവീകരണ പ്രവർത്തനങ്ങൾക്കായി ആകെ 30 ലക്ഷം രൂപയാണ് ചെലവഴിച്ചത്. നഗരസഭാധ്യക്ഷ സൈജി ജോളി, ഉപാധ്യക്ഷൻ ഫാസിൽ ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ജെയിംസ് എന്നിവർ അറിയിച്ചു.

ദീർഘകാലമായി അടഞ്ഞുകിടന്ന പാർക്ക് നഗരസഭയ്‌ക്കെതിരെ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. നേരത്തേ സ്ഥാപിച്ച കളിയുപകരണങ്ങളിൽ പലതും ഗുണനിലവാരമില്ലാത്തതിനാൽ കുറഞ്ഞ കാലയളവിനുള്ളിൽ തകരാറിലായതും പരാതികൾക്ക് കാരണമായി. നവീകരണത്തോടെ പാർക്ക് വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top