ആലുവ: ടാറിന്റെ വില കുത്തനെ വർധിച്ചതിനെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള നിരവധി റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ നിലച്ചിട്ട് അഞ്ച് മാസം. ടാറിന് ബാരലിന് 9,000 രൂപ വില ഉണ്ടായിരുന്ന സമയത്ത് ടെൻഡർ ഉറപ്പിച്ച നിർമാണ പ്രവർത്തനങ്ങളാണ് വില ഇരട്ടിയായതോടെ തടസ്സപ്പെട്ടത്.
റിഫൈനറിയിൽ നിന്ന് നേരത്തെ 9,000 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ബാരൽ ടാറിന് ഇപ്പോൾ 18,000 രൂപ നൽകേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ ഏപ്രിൽ മുതലാണ് വർധിപ്പിച്ച വില നിലവിൽ വന്നത്.
ടാറിന്റെ വിലവർധനയ്ക്ക് അനുസരിച്ച് കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് അധിക തുക അനുവദിച്ചെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക് ഇതുവരെ സമാനമായ അനുമതി ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. വർധിച്ച തുക അംഗീകരിച്ച് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതികൾ രംഗത്തെത്തിയെങ്കിലും തദ്ദേശ വകുപ്പ് നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം.
നേരത്തെ ടെൻഡർ ചെയ്ത് കരാർ നൽകിയ നിരവധി പഞ്ചായത്ത് റോഡുകൾ ടാറിങ് നടത്താനാകാതെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ നവീകരണം നടത്താൻ കഴിയാതിരുന്ന റോഡുകളും ഇതിൽ ഉൾപ്പെടുന്നു.
ടാറിന്റെ വർധിച്ച വില നൽകാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകി ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി കടുങ്ങല്ലൂർ പഞ്ചായത്ത് സ്വതന്ത്ര അംഗം ശ്രീകുമാർ മുല്ലേപ്പിള്ളി പറഞ്ഞു.
വിഷയത്തിൽ അടിയന്തരമായി തീരുമാനമുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശ്രീകുമാർ പറഞ്ഞു.











