അഞ്ചര വർഷത്തിന് ശേഷം ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനോദ്ഘാടനം

ആലുവ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് അഞ്ചര വർഷത്തോളം അടച്ചിട്ടിരുന്ന ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനം നടന്നു. മന്ത്രി കെ. എ. തളസി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. എന്നാൽ, ആവശ്യമായ ശുചീകരണം നടത്താതെയാണ് ഉദ്ഘാടനം നടത്തിയതെന്ന വിമർശനം ഉയർന്നു.

സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയതെന്നാണ് ആരോപണം. അൻവർ സാദത്ത് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴും കെട്ടിടവും പരിസരവും വൃത്തിഹീനമായ നിലയിലായിരുന്നു. ദിവസവേതനക്കാരായ രണ്ട് സ്ത്രീകളും വാഴക്കുളം, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തുകളിൽനിന്നെത്തിയ ശുചീകരണ തൊഴിലാളികളും ചേർന്നാണ് പരിസരം വൃത്തിയാക്കിയത്. പ്രവേശന കവാടത്തിൽ കിടന്നിരുന്ന പോലീസ് പിടിച്ചെടുത്ത തുരുമ്പിച്ച വാഹനങ്ങളും നീക്കം ചെയ്തിരുന്നില്ല.

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ അഞ്ചുകോടി രൂപ ചെലവഴിച്ച് നിർമിച്ച ഹോസ്റ്റൽ 2021 ഫെബ്രുവരി 11നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും വിദ്യാർഥികൾക്കായി തുറന്നുകൊടുത്തിരുന്നില്ല. തുടർന്ന് കെട്ടിടം നശിക്കുന്ന അവസ്ഥയിലായി.

ഹോസ്റ്റൽ അടിയന്തരമായി പ്രവർത്തനസജ്ജമാക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് 42 ലക്ഷം രൂപ അനുവദിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 60 ആൺകുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഹോസ്റ്റലിലുള്ളത്.

പ്രവർത്തനോദ്ഘാടനത്തിൽ നഗരസഭാധ്യക്ഷ സൈജി ജോളി, ഉപാധ്യക്ഷൻ ഫാസിൽ ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ ലളിത ഗണേശൻ, പി. എം. മുസ്തഫ, കൗൺസിലർ സാനിയ തോമസ് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top