മമ്മൂട്ടിയുടെ കരുതൽ; നേപ്പാളി ബാലന് രാജഗിരിയിൽ സൗജന്യ ചികിത്സ

ആലുവ: ഹൃദയവൈകല്യം മൂലം പഠനം മുടങ്ങിയ നേപ്പാൾ സ്വദേശിയായ 17-കാരൻ ബിക്രമിന് തുണയായി നടൻ മമ്മൂട്ടിയും കൽപ്പറ്റ മുൻ എം.എൽ.എ സി.കെ. ശശീന്ദ്രനും. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെയാണ് ബിക്രമിന് സൗജന്യ ചികിത്സ നൽകിയത്.

മൂന്ന് വർഷം മുമ്പ് പിതാവ് ദല്ലോ സൗദിനൊപ്പം വയനാട്ടിലെത്തിയ ബിക്രമിന് കടുത്ത ശ്വാസതടസ്സത്തെത്തുടർന്ന് എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നിരുന്നു. പരിശോധനയിൽ ജന്മനാ ഉണ്ടായ ഹൃദയവൈകല്യവും ശ്വാസകോശ ധമനിയിലെ ഉയർന്ന രക്തസമ്മർദവും കണ്ടെത്തി.

ബിക്രമിന്റെ ആരോഗ്യപ്രശ്നങ്ങൾ അറിഞ്ഞ സി.കെ. ശശീന്ദ്രൻ മമ്മൂട്ടിയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് മമ്മൂട്ടിയുടെ നിർദേശപ്രകാരം രാജഗിരി ആശുപത്രിയിൽ സൗജന്യ ചികിത്സയ്ക്ക് അവസരമൊരുക്കി.

രാജഗിരി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ്. വെങ്കിടേശ്വരന്റെ നേതൃത്വത്തിൽ കത്തീറ്റർ ഉപയോഗിച്ചുള്ള താക്കോൽദ്വാര ചികിത്സയിലൂടെ ഹൃദയത്തിലെ സുഷിരം അടച്ചു. ഡോ. മുസ്തഫ ജനീൽ, ഡോ. പ്രീതി കാഥൽ, ഡോ. ബിജിന ഭരതൻ കെ. എന്നിവരും ചികിത്സയിൽ പങ്കാളികളായി.

ഒരാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം ബിക്രം വയനാട്ടിലേക്ക് മടങ്ങി. ഒരു മാസത്തിനുശേഷം വീണ്ടും പരിശോധന നടത്തും. ആരോഗ്യപ്രശ്നങ്ങൾ മറികടന്ന് പഠനം തുടരാനും വോളിബോളിൽ മികവ് തെളിയിക്കാനുമുള്ള പ്രതീക്ഷയിലാണ് ബിക്രം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top