കൊച്ചി: നെടുമ്പാശേരി അത്താണിയിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ സുഹൈൽ സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശി ഇജാസ്, പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം.
വിമാനത്താവള ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. സ്കൂട്ടർ ഏകദേശം 100 മീറ്ററോളം കാറിനടിയിൽപ്പെട്ട് റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടതായാണ് വിവരം.
അപകടത്തിനു പിന്നാലെ കാറിൽനിന്നിറങ്ങിയ ഡ്രൈവർ നാട്ടുകാരുമായി തർക്കിച്ചതായും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചതായും പറയുന്നു. എന്തുവന്നാലും വീട്ടുകാർ നോക്കിക്കൊള്ളുമെന്ന രീതിയിൽ ഡ്രൈവർ വെല്ലുവിളിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് കാറിൽ രണ്ടുപേരുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ മൊഴി.
അപകടത്തിൽ മരിച്ചവർ തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിനു പിന്നാലെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു. ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയവും അപകടത്തിന്റെ സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.











