പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ

ആലുവ: കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി വെളുത്തേടത്തുപറമ്പിൽ മുൻസിർ (21), ആലുവ മുച്ചംകുളം ചിറമേൽപറമ്പിൽ ഷാജഹാൻ (23) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ ഒരാൾക്ക് കുട്ടിയുടെ സുഹൃത്തുമായി ശത്രുതയുണ്ടായിരുന്നതാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് സുഹൃത്തിനെ അന്വേഷിച്ചാണ് പ്രതികൾ കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പെരിങ്ങാലയിലെ വീട്ടിലെത്തിച്ച് ആക്രമിക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചതായും പരാതിയുണ്ട്.

കുട്ടിയുടെ അമ്മ ആലുവ പൊലീസിൽ പരാതി നൽകിയതോടെ കുട്ടിയെ കങ്ങരപ്പടിയിലെ ബസ് സ്റ്റോപ്പിന് സമീപം ഇറക്കിവിട്ടു.

ശനിയാഴ്ച രാത്രി പള്ളിക്കരയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പിടികൂടുന്നതിനിടെ പ്രതികൾ പൊലീസിനെതിരെ കത്തി വീശിയതായും ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top