നെടുമ്പാശേരി: അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് സുഹൃത്തുക്കൾ കൺമുന്നിൽ തെറിച്ചുവീണ് മരിച്ചതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകനായ പ്രിയാദ്. വിമാനത്താവള പരിസരത്ത് രാത്രി കറങ്ങാനെത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് യുവാക്കളാണ് അപകടത്തിൽ മരിച്ചത്.
മരിച്ചവരും പ്രിയാദും മറ്റൊരു സഹപ്രവർത്തകനും ഉൾപ്പെടെ അഞ്ചുപേർ മൂന്ന് ബൈക്കുകളിലായാണ് നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവളത്തിന്റെ മതിൽക്കെട്ടിനു പുറത്തുനിന്ന് വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും പറന്നുയരുന്നതും കണ്ടശേഷം ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു സംഘം.
അപകടത്തിൽപ്പെട്ട സ്കൂട്ടറിന് തൊട്ടുമുന്നിലായി ഒരു സുഹൃത്തും പിന്നിലായി പ്രിയാദുമാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടെ ചീറിപ്പാഞ്ഞെത്തിയ കാർ അപകടകരമായി തങ്ങളെ മറികടന്നുപോയത് പ്രിയാദ് ശ്രദ്ധിച്ചിരുന്നു. തൊട്ടുമുന്നിലെ വളവിൽ എത്തിയപ്പോൾ ഭീകരശബ്ദത്തോടെ കാർ സ്കൂട്ടറിലിടിക്കുന്നതും സ്കൂട്ടർ തെറിച്ചുയർന്ന് റോഡരികിലേക്ക് വീഴുന്നതും കണ്ടു.
ഉടൻ വാഹനം നിർത്തി അടുത്തെത്തി നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച് റോഡിൽ കിടക്കുന്നത് തന്റെ സുഹൃത്തുക്കളാണെന്ന് പ്രിയാദ് തിരിച്ചറിഞ്ഞത്. കൺമുന്നിൽ നടന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രിയാദ്.
അപകടത്തിന് ദൃക്‌സാക്ഷിയായ ബാസിത്തും സംഭവത്തിന്റെ നടുക്കത്തിലാണ്. അപകടസ്ഥലത്തിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കുന്നതിനിടെയാണ് കാർ സ്കൂട്ടറിലിടിക്കുന്ന ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോൾ മൂന്നുപേരും ചോരവാർന്ന് റോഡിൽ കിടക്കുകയായിരുന്നു.
അപകടത്തിനു പിന്നാലെ ഇതുവഴി കാറിലെത്തിയ ഒരു ഡോക്ടർ യുവാക്കളുടെ പൾസ് പരിശോധിച്ചശേഷം മൂന്നുപേരും മരിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് ബാസിത് പറഞ്ഞു.











