നെടുമ്പാശ്ശേരി: അത്താണിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പരിശോധനാഫലങ്ങൾ ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ്.പി. സുദർശൻ കെ.എസ്. അറിയിച്ചു. പ്രതിയുടെ മെഡിക്കൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായും വാഹനങ്ങളുടെ ഫോറൻസിക് പരിശോധന പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ വാഹനമോടിച്ച സുഹൈൽ സജീവിനെയും നിനവിനെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അപകടസമയത്ത് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ജോയലിനെയും അമീനിനെയും കോടതിയിൽ ഹാജരാക്കും. അപകടത്തിനു പിന്നാലെ ഇവർ വാഹനത്തിൽനിന്ന് ഇറങ്ങി ഓടിയതായാണ് പൊലീസ് പറയുന്നത്.
വാഹനമോടിച്ച സുഹൈലിനെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്നവർക്കെതിരെ കുറ്റകൃത്യത്തിന് പ്രോത്സാഹനം നൽകിയതും തടയുന്നതിൽ വീഴ്ച വരുത്തിയതും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയെന്ന പരാതിയിൽ ബാറുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടർനടപടികളും സംബന്ധിച്ച നിർദേശങ്ങൾ പരിശോധിച്ചശേഷം തീരുമാനമെടുക്കും. ആലുവ ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ആവശ്യമെങ്കിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നും എസ്.പി. അറിയിച്ചു.











