മിനി കൂപ്പർ അപകടം: അമിതവേഗത്തിൽ ഹൈക്കോടതിക്ക് ആശങ്ക

കൊച്ചി: നെടുമ്പാശേരിയിലെ മിനി കൂപ്പർ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിനു പിന്നാലെ വാഹനങ്ങളുടെ അമിതവേഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. റോഡ് സുരക്ഷയിലും നിരത്തിലെ അച്ചടക്കത്തിലും ആശങ്കയുണ്ടെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ നിരീക്ഷിച്ചു.

അമിതവേഗത്തിൽ പായുന്ന വാഹനങ്ങളെ കണ്ടെത്തി ഉടൻ നടപടിയെടുക്കാൻ നിലവിലുള്ള ട്രാഫിക്, എ.ഐ ക്യാമറകൾക്ക് കഴിയുമോയെന്ന് സംസ്ഥാന സർക്കാരിനോടും ഗതാഗത വകുപ്പ് അധികൃതരോടും കോടതി ചോദിച്ചു. വേഗത ഡ്രൈവർമാർക്ക് പ്രോത്സാഹനമാകരുതെന്നും പലതവണ കോടതി ഇടപെട്ടിട്ടും സ്ഥിതിയിൽ മാറ്റമില്ലെന്നും നിരീക്ഷിച്ചു.

എറണാകുളത്ത് അർധരാത്രിക്കുശേഷം മണിക്കൂറിൽ 100 മുതൽ 150 കിലോമീറ്ററിലധികം വേഗത്തിൽ കാറുകൾ സഞ്ചരിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നെടുമ്പാശേരിയിലെ അപകടത്തിൽ മിനി കൂപ്പർ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്നതായും ഇത് എ.ഐ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും കോടതി പരാമർശിച്ചു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ടെത്തിയ അമിതവേഗ നിയമലംഘനങ്ങളുടെ വിവരങ്ങളും മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിച്ച വാഹനങ്ങളുടെ കണക്കുകളും കോടതി ആവശ്യപ്പെട്ടു. ഇവയിൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടികളുടെ വിവരങ്ങളും നൽകണം.

പ്രശ്നത്തിന് മറുപടി നൽകുക മാത്രമല്ല, അമിതവേഗം തടയാൻ പ്രായോഗികമായി എന്തെല്ലാം നടപടികൾ സ്വീകരിക്കാനാകുമെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top