ഓപ്പറേഷൻ തൂഫാൻ: ലഹരിയുമായി ആറുപേർ അറസ്റ്റിൽ

ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ രാസലഹരിയും ഹെറോയിനുമായി ആറുപേർ അറസ്റ്റിലായി. ചെങ്ങമനാട്, ഞാറയ്ക്കൽ, ബിനാനിപുരം, കുറുപ്പുംപടി മേഖലകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കരുമാലൂർ തടിക്കടവ് കൂട്ടുങ്ങപ്പറമ്പിൽ ഇബ്രാഹിം (37), കരുമാലൂർ വല്യപ്പൻപടി മേപ്പന വീട്ടിൽ ബിനു ആന്റണി (37) എന്നിവരെ 1.96 ഗ്രാം രാസലഹരിയുമായി ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. പറമ്പയം ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും പാന്റ്സിന്റെ പോക്കറ്റിൽനിന്ന് ലഹരി കണ്ടെത്തിയത്.

നായരമ്പലം വെളിയത്താംപറമ്പ് തൂമ്പുങ്ങൽ വീട്ടിൽ അഥീൻ (25) 3.450 ഗ്രാം എംഡിഎംഎയുമായി ഞാറയ്ക്കൽ പൊലീസിന്റെ പിടിയിലായി. ഓട്ടോറിക്ഷയിൽ യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്ന ഇയാളുടെ ബാഗിൽ രണ്ട് സിപ്പ് ലോക്ക് കവറുകളിലായാണ് ലഹരി സൂക്ഷിച്ചിരുന്നത്.

എടയാർ ചെന്നാമ്പിള്ളി മുഹമ്മദ് സാലിഖ് (34), എരമം കേളന്റെ പറമ്പിൽ അബ്ദുൽ മുഹാദ് (34) എന്നിവരെ മൂന്ന് ഗ്രാം എംഡിഎംഎയുമായി ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു. സാലിഖിന്റെ എടയാറിലെ വീട്ടിലെ അലമാരയിൽനിന്നാണ് ലഹരി കണ്ടെത്തിയത്. അബ്ദുൽ മുഹാദാണ് സാലിഖിന് ലഹരി നൽകിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

അസം നൗഗോൺ സ്വദേശി സദ്ദാം ഹുസൈനെ (25) ഹെറോയിനുമായി കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മനയ്ക്കപ്പടി പുത്തൂരം കവലയിലെ ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒരു സോപ്പുപെട്ടി നിറയെ ഹെറോയിൻ കണ്ടെത്തി.

അതേസമയം, പെരുമ്പാവൂരിൽ 4.5 ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടിയതായും അയ്യമ്പുഴ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ഭാഗത്തെ ആൾത്താമസമില്ലാത്ത വീടിന്റെ വളപ്പിൽനിന്ന് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ആരംഭിച്ച ലഹരിവിരുദ്ധ പരിശോധന തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top