ആലുവ: ഗോതമ്പ് വിതരണം മുടങ്ങിയതും എട്ട് വർഷമായി ഉൽപ്പന്നവില വർധിപ്പിക്കാത്തതും അമൃതം ന്യൂട്രിമിക്സ് ഉൽപ്പാദിപ്പിക്കുന്ന കുടുംബശ്രീ വനിതകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകൾക്ക് സർക്കാർ സംവിധാനത്തിലൂടെ ലഭിക്കേണ്ട ഗോതമ്പ് കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ഉൽപ്പാദനവും വരുമാനവും പ്രതിസന്ധിയിലാണെന്ന് പ്രവർത്തകർ പരാതിപ്പെടുന്നു.
മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ യൂണിറ്റുകൾ എഫ്.സി.ഐ ഗോതമ്പിനുള്ള തുക മുൻകൂറായി അടച്ചിട്ടും ഗോതമ്പ് എടുക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് പരാതി. കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിൽ ഒപ്പിടാത്തതാണ് അനുമതി വൈകാൻ കാരണമെന്ന് യൂണിറ്റ് പ്രവർത്തകർ ആരോപിക്കുന്നു. ഇതോടെ ജില്ലാ മിഷനുകളിലേക്കുള്ള ഗോതമ്പ് വിതരണവും തടസ്സപ്പെട്ടു. പല യൂണിറ്റുകളും ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് ഗോതമ്പ് വാങ്ങേണ്ടിവരുന്നത് ഉൽപ്പാദനച്ചെലവ് വർധിപ്പിക്കുകയും വനിതകളുടെ വരുമാനം കുറയ്ക്കുകയും ചെയ്യുന്നു.
2017-ലാണ് അവസാനമായി അമൃതം ന്യൂട്രിമിക്സിന്റെ വില വർധിപ്പിച്ചത്. അതിനുശേഷം ഗോതമ്പ്, പഞ്ചസാര, പാക്കിങ് സാമഗ്രികൾ, വൈദ്യുതി, തൊഴിലാളികളുടെ കൂലി എന്നിവയുടെ ചെലവ് കുത്തനെ ഉയർന്നിട്ടും വില പുനഃപരിശോധിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. ഇതോടെ ഉൽപ്പാദനത്തിലൂടെ ഉപജീവനം കണ്ടെത്തുന്ന നിരവധി വനിതകളുടെ ജീവിതമാർഗം പ്രതിസന്ധിയിലായി.
അങ്കണവാടികളിലൂടെ കുട്ടികൾക്കും ഗർഭിണികൾക്കും വിതരണം ചെയ്യുന്ന പ്രധാന പോഷകാഹാര ഉൽപ്പന്നമാണ് അമൃതം ന്യൂട്രിമിക്സ്. ഉൽപ്പാദനം തടസ്സപ്പെടുന്നത് പൊതുപോഷകാഹാര പദ്ധതിയെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് ഗോതമ്പ് എടുക്കുന്നതിനുള്ള ഉത്തരവിൽ എക്സിക്യൂട്ടീവ് ഡയറക്ടർ അടിയന്തരമായി ഒപ്പിട്ട് ജില്ലാ മിഷനുകൾക്ക് കൈമാറണമെന്ന് സംസ്ഥാന കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് കൺസോർഷ്യം ആവശ്യപ്പെട്ടു.











