എറണാകുളം : ആലുവ. 32 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി എത്തുന്നു
മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ‘പദയാത്ര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ നാലിന് ചിത്രം തിയേറ്ററുകളിലെത്തും. 32 വർഷങ്ങൾക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുള്ള ‘പദയാത്ര’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നേരത്തേ പുറത്തിറങ്ങിയ ട്രെയ്‌ലർ ശ്രദ്ധ നേടിയിരുന്നു. ശക്തമായ അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ചിത്രം അവതരിപ്പിക്കുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
‘അനന്തരം’, ‘മതിലുകൾ’, ‘വിധേയൻ’ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടിയും അടൂരും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ‘പദയാത്ര’ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
ഇന്ദ്രൻസും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, മധുപാൽ, നന്ദു, പി. ശ്രീകുമാർ, ജഗദീഷ്, സീനത്ത് എന്നിവരും ചിത്രത്തിലുണ്ട്.
ഷെഹനാദ് ജലാൽ ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു. പ്രവീൺ പ്രഭാകറാണ് എഡിറ്റിങ്.











