ആലുവ: പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് ‘സംരക്ഷ 2026’ സംഘടിപ്പിച്ചു. ആലുവ സബ് ഡിവിഷന്റെ ഭാഗമായി ഐ.എം.എ ഹാളിൽ നടന്ന ക്യാമ്പ് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.
കേരള പോലീസിന്റെ ‘പോൽ-ബ്ലഡ്’ പദ്ധതിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആലുവ, മുനമ്പം, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ് എന്നീ അഞ്ച് പോലീസ് സബ് ഡിവിഷനുകളിലും ക്യാമ്പ് നടത്തി. പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരും രക്തദാനത്തിൽ പങ്കാളികളായി.
ആലുവ ഗവൺമെന്റ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. വിജയകുമാർ, ആലുവ ഡിവൈ.എസ്.പി. എം. ബൈജു പൗലോസ്, എസ്.ഐ. പി.ജി. ഹരി എന്നിവർ സംസാരിച്ചു.











