ആലുവയിൽ 14.666 കിലോ കഞ്ചാവുമായി ഇംഗ്ലീഷ് അധ്യാപകൻ പിടിയിൽ

കൂട്ടാളിയും അറസ്റ്റിൽ; 28,850 രൂപയും പിടിച്ചെടുത്തു

ആലുവ: ഒഡിഷയിൽനിന്ന് കഞ്ചാവ് എത്തിച്ച് എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെ ആലുവയിൽ എക്സൈസ് പിടികൂടി. 14.666 കിലോ കഞ്ചാവും വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 28,850 രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. പിടിയിലായവരിൽ ഒഡിഷയിലെ വിവിധ സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തിരുന്ന ബി.എഡ്. ബിരുദധാരിയും ഉൾപ്പെടുന്നു.

ഒഡിഷ സ്വദേശി ഇസ്മായിൽ (42), ഉത്തർപ്രദേശ് സ്വദേശി ജാഫർ (26) എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലുവ സബ് ജയിൽ റോഡിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇരുവരും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഇരുവർക്കുമെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.

എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു. ഒഡിഷയിൽനിന്ന് കഞ്ചാവ് എത്തിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് പ്രാഥമിക വിവരം.

എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അജിത് കുമാർ എൻ.ജി., സിവിൽ എക്സൈസ് ഓഫീസർമാരായ ജോമോൻ സി.വി., ഫെബിൻ എൽദോസ്, ജിജോ അശോക്, അഭിരാം ഷാജി, അഖിൽ രാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത ടി.പി. എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top