എറണാകുളം: ആലുവ.. സംസ്ഥാനത്തെ ഈ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം തിങ്കളാഴ്ച (ഒക്ടോബർ 26) മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. നവംബർ അഞ്ചിനകം വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സാമൂഹ്യസുരക്ഷാ പെൻഷന് അർഹരായ 52,09,617 ഗുണഭോക്താക്കളിൽ 29,67,142 പേരുടെ പെൻഷൻ തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലെത്തും. ഇതിനായി 541.38 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന 22,42,475 പേർക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിൽ നേരിട്ടെത്തി പണമായി പെൻഷൻ വിതരണം ചെയ്യും.
ഇതിനു പുറമെ 6,05,415 ക്ഷേമനിധി ബോർഡ് പെൻഷൻകാർക്കും ഈ മാസത്തെ പെൻഷൻ ലഭിക്കും. ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന വിതരണത്തിലൂടെ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും സമയബന്ധിതമായി പെൻഷൻ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.











