ആലുവ: ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ പാലവും ദേശം–പറമ്പയം പാലവും അടച്ചിടുന്ന വിവരം ജനപ്രതിനിധികളെ യഥാസമയം അറിയിക്കുന്നതിൽ ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ബെന്നി ബെഹനാൻ എം.പിയും നഗരസഭ മുൻ അധ്യക്ഷൻ എം.ഒ. ജോണും ആരോപിച്ചു. അടിയന്തര അറ്റകുറ്റപ്പണികളുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും പകരം യാത്രാക്ലേശം ഒഴിവാക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനും അധികൃതർ ശ്രദ്ധിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.
പാലങ്ങൾ അടച്ചിടുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറെയും പോലീസിനെയും ഉൾപ്പെടെയുള്ള അധികൃതരെ അറിയിച്ച ശേഷമാണ് വിവിധ വകുപ്പുകളുടെ യോഗം വിളിക്കണമെന്ന ആവശ്യവുമായി എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ ഒക്ടോബർ 22ന് അൻവർ സാദത്ത് എം.എൽ.എയെ സമീപിച്ചത്. ഡിവൈ.എസ്.പി രേഖാമൂലം നിർദേശം നൽകിയതിനെത്തുടർന്നാണ് യോഗം വിളിക്കാനുള്ള നടപടികളുണ്ടായതെന്നും ആരോപണമുണ്ട്.
ഒക്ടോബർ 26 മുതൽ പാലങ്ങൾ അടച്ചിടുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നായിരുന്നു നിർദേശം. ഒക്ടോബർ 19ന് എൻ.എച്ച്.എ.ഐ കലക്ടർക്ക് നൽകിയ കത്ത് അവിടെനിന്ന് റൂറൽ എസ്.പി ഓഫീസിലേക്ക് അയച്ചു. കത്ത് 22ന് ഡിവൈ.എസ്.പി ഓഫീസിൽ ലഭിച്ചതിനു പിന്നാലെ 24ന് രാവിലെ 11ന് യോഗം വിളിക്കാൻ ഡിവൈ.എസ്.പി നിർദേശിക്കുകയായിരുന്നു. തുടർന്ന് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ എം.എൽ.എയെ ബന്ധപ്പെട്ടു. രാവിലെ 11ന് എം.എൽ.എയ്ക്ക് അസൗകര്യമുണ്ടായതിനാൽ യോഗം വൈകിട്ടത്തേക്ക് മാറ്റി.
ദേശീയപാതയുമായി ബന്ധപ്പെട്ട നിർണായക യോഗത്തെക്കുറിച്ച് സ്ഥലം എം.പി ബെന്നി ബെഹനാനെപ്പോലും അറിയിച്ചില്ലെന്നതാണ് മറ്റൊരു വിമർശനം. പാലങ്ങൾ അടച്ചിടുന്നതിന് മുമ്പ് ജനപ്രതിനിധികളെയും ബന്ധപ്പെട്ട വകുപ്പുകളെയും ഉൾപ്പെടുത്തി വിപുലമായ യോഗം വിളിച്ച് ബദൽ ഗതാഗത ക്രമീകരണങ്ങൾ വിശദമായി ചർച്ച ചെയ്യേണ്ടതായിരുന്നുവെന്ന് എം.ഒ. ജോൺ പറഞ്ഞു.
മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും മൂന്ന് എം.പിമാരുമുള്ള ആലുവ താലൂക്കിൽ ഇത്തരമൊരു വിഷയത്തിൽ ആവശ്യമായ കൂടിയാലോചനകൾ നടത്താതെ അറിയിപ്പിൽ നടപടികൾ ഒതുക്കിയത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പാലങ്ങളുടെ അറ്റകുറ്റപ്പണിയുടെ പേരിൽ ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുന്ന സാഹചര്യമുണ്ടായാൽ റോഡിലിറങ്ങി സമരത്തിനിരിക്കാൻ മടിക്കില്ലെന്നും എം.ഒ. ജോൺ മുന്നറിയിപ്പ് നൽകി.











