ആലുവ: മാർ അത്തനേഷ്യസ് ട്രോഫിക്കായുള്ള ദേശീയ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന് നവംബർ 8ന് ആലുവ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമാകും. നവംബർ 26 വരെ നീളുന്ന ടൂർണമെന്റിൽ കേരളത്തിൽ നിന്നും പുറത്തുനിന്നുമുള്ള 16 സ്കൂൾ ടീമുകൾ മാറ്റുരയ്ക്കും.
ഒളിംപ്യൻ ലിജോ ഡേവിഡ് തോട്ടാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ എം.ഒ. ജോൺ ടൂർണമെന്റ് പതാക ഉയർത്തും. ദേശീയ ഗെയിംസിൽ ഫുട്ബോളിൽ ചാമ്പ്യൻമാരായ കേരള ടീമിലെ അംഗം ടി.എൻ. അഫ്നാസ് ഗ്രൗണ്ടിൽ ദീപശിഖ തെളിയിക്കും.
പി. രാജശേഖരൻ പിള്ള ട്രോഫിക്കും പോൾ മറ്റത്തിൽ ട്രോഫിക്കും വേണ്ടിയുള്ള മിനി മാറ്റ് ഫുട്ബോൾ മത്സരങ്ങൾ നവംബർ രണ്ടിന് ആരംഭിക്കും. യു.പി. എബ്രഹാം ട്രോഫി, എം.സി. മാത്യു ട്രോഫി, എം.എ. വർഗീസ് ട്രോഫി എന്നിവയ്ക്കായി ജില്ലയിലെ ഏഴ് ടീമുകൾ പങ്കെടുക്കുന്ന വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റും ഇതോടനുബന്ധിച്ച് നടത്തും.
ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രഖ്യാപനം മുൻ രാജ്യാന്തര ഫുട്ബോൾ താരം പി.പി. തോബിയാസ് നിർവഹിച്ചു. ജനറൽ കൺവീനർ എം.എം. ജേക്കബ് പരിപാടികളുടെ വിശദാംശങ്ങൾ അറിയിച്ചു.











