രാജ്യാന്തര യാത്രക്കാർക്കും ഡിജിയാത്ര; രാജ്യത്ത് ആദ്യം സിയാൽ

നെടുമ്പാശ്ശേരി: രാജ്യാന്തര യാത്രക്കാർക്കായി ഡിജിയാത്രാ സംവിധാനം നടപ്പാക്കിയ രാജ്യത്തെ ആദ്യ വിമാനത്താവളമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ). ചൊവ്വാഴ്ച മാലദ്വീപിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരാണ് ആദ്യമായി രാജ്യാന്തര ഡിജിയാത്രാ സൗകര്യം പ്രയോജനപ്പെടുത്തിയത്.

ഇ-പാസ്‌പോർട്ടുകളും മുഖം തിരിച്ചറിയുന്ന ബയോമെട്രിക് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. തിരഞ്ഞെടുത്ത രാജ്യാന്തര വിമാനക്കമ്പനികൾക്കായി പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ടെർമിനൽ പ്രവേശനം, സുരക്ഷാ പരിശോധന തുടങ്ങിയ ഘട്ടങ്ങളിൽ യാത്രാരേഖകളുടെ ഉപയോഗം കുറച്ച് നടപടികൾ സുഗമമാക്കുകയാണ് ലക്ഷ്യം.

2023 ഓഗസ്റ്റ് 15-നാണ് സിയാലിൽ ആഭ്യന്തര യാത്രക്കാർക്കായി ഡിജിയാത്ര ആരംഭിച്ചത്. നിലവിൽ ആഭ്യന്തര യാത്രക്കാരിൽ മൂന്നിലൊരാൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. സിയാലിന്റെ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ വിഭാഗം തദ്ദേശീയമായി വികസിപ്പിച്ച ഇ-ബോർഡിങ് സോഫ്റ്റ്‌വെയറാണ് സംവിധാനത്തിന്റെ അടിസ്ഥാനം.

സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ്‌വെയറുകളും സാങ്കേതികവിദ്യകളും മറ്റ് വിമാനത്താവളങ്ങൾക്കുകൂടി ലഭ്യമാക്കുന്നതിന്റെ ഭാഗമായി സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പെർട്ട് സർവീസസ് ലിമിറ്റഡ് (എസിഇഎസ്) ആരംഭിച്ചിട്ടുണ്ട്. വിമാനത്താവള വികസനം, പ്രവർത്തനം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സിയാൽ നേടിയ അനുഭവസമ്പത്തും വൈദഗ്ധ്യവും മറ്റ് വിമാനത്താവളങ്ങൾക്കും വ്യോമയാന മേഖലയിലെ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

സിയാലിന്റെ കൺസൾട്ടൻസി സേവനങ്ങളുടെ ആദ്യ ഉപഭോക്താവാണ് പശ്ചിമ ബംഗാളിലെ ദുർഗാപുർ വിമാനത്താവളം. യാത്രക്കാരുടെ തിരിച്ചറിയൽ ഉറപ്പാക്കാൻ സിയാൽ തദ്ദേശീയമായി വികസിപ്പിച്ച പാസഞ്ചർ വെരിഫിക്കേഷൻ സംവിധാനം ഇവിടെ ലഭ്യമാക്കും. സ്വന്തം സാങ്കേതികവിദ്യകൾ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയിലെ ആദ്യ ചുവടുവയ്പാണിത്.

യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് രാജ്യാന്തര യാത്രക്കാർക്കുകൂടി ഡിജിയാത്ര വ്യാപിപ്പിച്ചതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്. പറഞ്ഞു. എസിഇഎസ് വഴി സിയാൽ വികസിപ്പിച്ച സാങ്കേതികവിദ്യകൾ മറ്റ് വിമാനത്താവളങ്ങൾക്കും ലഭ്യമാക്കി അവയുടെ ഉപയോഗം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top