ആലുവ മാർത്താണ്ഡവർമ പഴയ പാലം നവംബർ 3ന് തുറക്കും

ആലുവ: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആലുവ മാർത്താണ്ഡവർമ പഴയ പാലം നവംബർ 3 ചൊവ്വാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഒക്ടോബർ 28 മുതൽ നവംബർ 6 വരെ പത്തുദിവസത്തേക്ക് പാലം അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ യാത്രാദുരിതം കണക്കിലെടുത്ത് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുകയായിരുന്നു.

കരാർ കമ്പനിയായ ഹൈദരാബാദ് വരാഹി സ്ട്രക്ചറൽ റിപ്പയേഴ്‌സ് ആൻഡ് വാട്ടർ പ്രൂഫിങ് കോൺട്രാക്ടേഴ്‌സ് കമ്പനി 32 തൊഴിലാളികളെ നിയോഗിച്ച് രാവും പകലും രണ്ട് ഷിഫ്റ്റുകളിലായാണ് പണികൾ നടത്തുന്നത്. കാലാവസ്ഥ അനുകൂലമായാൽ നവംബർ 2ന് തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാകുമെന്ന് കമ്പനി എൻജിനീയർ വൈ.കെ. ആത്രേയ പറഞ്ഞു. പിറ്റേന്ന് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും.

പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകൾ ഉറപ്പിക്കുന്ന ജോലിയാണ് പ്രധാനമായും ഇനി പൂർത്തിയാക്കാനുള്ളത്. കൂടാതെ പാലത്തിനടിയിലെ വിദേശനിർമിത ഷോക്ക് അബ്സോർബർ സംവിധാനത്തിന്റെ കാര്യക്ഷമതയും പരിശോധിക്കും.

86 വർഷം മുൻപ് പാലം നിർമാണ കരാറുകാരായ ജെ.ബി. ഗാമൺ ലിമിറ്റഡ് ഇറ്റലിയിൽനിന്ന് ഇറക്കുമതി ചെയ്ത കൂറ്റൻ സ്പ്രിങ്ങുകൾ കോൺക്രീറ്റ് പെട്ടികളിൽ സ്ഥാപിച്ച് നിർമിച്ച ആറ് ഷോക്ക് അബ്സോർബറുകളാണ് ഇന്നും കേടുപാടുകളില്ലാതെ പാലത്തിൽ പ്രവർത്തിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top