1,879 കോടിയുടെ നഷ്ടം; വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാനൊരുങ്ങി ഇൻഡിഗോ

നെടുമ്പാശേരി : വിമാന ഇന്ധനവിലയിലെ കുതിച്ചുചാട്ടവും രൂപയുടെ മൂല്യത്തകർച്ചയും മൂലം വൻ സാമ്പത്തിക നഷ്ടം നേരിട്ടതോടെ വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും വർധിപ്പിക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 1,879 കോടി രൂപയുടെ പ്രവർത്തന നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇന്ധനച്ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 67.2 ശതമാനം വർധിച്ച് 9,967 കോടി രൂപയിലെത്തി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ക്രൂഡ് ഓയിൽ വിലവർധനയാണ് ഇന്ധനച്ചെലവ് ഉയരാൻ കാരണം. നേരത്തെ നിരക്കുകൾ വർധിപ്പിച്ചെങ്കിലും അധിക ചെലവിന്റെ 60 ശതമാനം മാത്രമാണ് കമ്പനിക്ക് തിരിച്ചുപിടിക്കാനായത്. പുതിയ നിരക്ക് വർധന യാത്രക്കാരെ അധികം ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമമെന്ന് ഇൻഡിഗോ സി.ഇ.ഒ വില്ലി വാൽഷ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ആഭ്യന്തര സർവീസുകളിൽ 375 മുതൽ 1,300 രൂപ വരെയും അന്താരാഷ്ട്ര സർവീസുകളിൽ 10,000 രൂപ വരെയും ഇന്ധന സർചാർജ് വർധിപ്പിച്ചിരുന്നു. കൈക്കുഞ്ഞുങ്ങളുമായുള്ള യാത്ര, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾ, അധിക ലഗേജ്, ഫാസ്റ്റ് ഫോർവേഡ് സേവനങ്ങൾ എന്നിവയുടെ നിരക്കുകളും അടുത്തിടെ കൂട്ടിയിരുന്നു. പുതിയ വർധന കൂടി നടപ്പിലായാൽ വിമാനയാത്രക്കാർക്ക് ചെലവ് വീണ്ടും കൂടും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top