ആലുവ: താമരയും ആമ്പലും വിരിഞ്ഞുനിൽക്കുന്ന പ്രകൃതിഭംഗി ആസ്വദിക്കാനും സൗഹൃദസായാഹ്നങ്ങൾ ചെലവഴിക്കാനുമായി ആളുകൾ ഒഴുകിയെത്തുന്നതോടെ എടയപ്പുറം ടൗൺഷിപ്പ് റോഡ് ശ്രദ്ധാകേന്ദ്രമാകുന്നു. ആലുവ നഗരത്തിന് സമീപം ചവർകാട് പാടശേഖരത്തിന്റെ ഭാഗമായ രണ്ടേക്കറോളം സ്ഥലത്താണ് താമരയും ആമ്പലും പൂത്തുനിൽക്കുന്നത്.
സന്ധ്യയാകുന്നതോടെ ഇവിടേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിക്കും. താമരക്കുളത്തിന്റെ മനോഹാരിതയ്ക്കൊപ്പം നാടൻ തട്ടുകടയും ഓലമേഞ്ഞ വിശ്രമകേന്ദ്രവും മുളയും അടയ്ക്കാമരവും ഉപയോഗിച്ച് ഒരുക്കിയ ഇരിപ്പിടങ്ങളും സന്ദർശകരെ ആകർഷിക്കുന്നു. കുടുംബസമേതം എത്തുന്നവരും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനെത്തുന്നവരും ഏറെയാണ്.
മൂന്ന് പതിറ്റാണ്ട് മുമ്പ് ചവർകാട് പാടശേഖരം മണ്ണിട്ട് നികത്തിയപ്പോൾ ഒഴിവാക്കപ്പെട്ട ഭാഗമാണ് പിന്നീട് തടാകമായി മാറിയത്. നഗരവുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ നിർമിച്ച ടൗൺഷിപ്പ് റോഡിനോട് ചേർന്നുള്ള ഈ പ്രദേശം ഇന്ന് പ്രകൃതിഭംഗി ആസ്വദിക്കാനുള്ള പ്രധാന സായാഹ്നകേന്ദ്രമായി മാറിയിരിക്കുകയാണ്.
ചായയും ലഘുഭക്ഷണവും ആസ്വദിക്കുന്നതിനൊപ്പം കരോക്കെയിൽ പാട്ടുപാടാനും ഊഞ്ഞാലാടാനും ഇവിടെ സൗകര്യമുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ തുടങ്ങിയ കായികവിനോദങ്ങൾക്കുള്ള അവസരവുമുണ്ട്. നാട്ടിലെ യുവാക്കൾ ചേർന്ന് ശ്രമദാനത്തിലൂടെ ഒരുക്കിയ ഇരിപ്പിടങ്ങൾ പ്രദേശത്തിന്റെ ആകർഷണം കൂട്ടുന്നു.
ഇതിനിടെ എടയപ്പുറം ഫുട്ബോൾ ലീഗിനുള്ള ഒരുക്കങ്ങളും സജീവമാണ്. കഴിഞ്ഞയാഴ്ച കളിക്കാരുടെ ലേലംവിളി പൂർത്തിയായി. താമരപ്പൂക്കളുടെ കാഴ്ചയും വിനോദങ്ങളും സൗഹൃദക്കൂട്ടായ്മകളും ഒത്തുചേരുന്ന ടൗൺഷിപ്പ് റോഡ് നാട്ടുകാരുടെ പ്രിയപ്പെട്ട വിശ്രമ-വിനോദ കേന്ദ്രമായി വളരുകയാണ്.










