ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ തൂഫാൻ വാരിയേഴ്സ് ബാഡ്ജ് വിതരണം ചെയ്തതിൽ അർഹരായവരെ ഒഴിവാക്കി അനർഹർക്ക് ബാഡ്ജ് നൽകിയതായി പരാതി. സജീവ ലഹരി വിരുദ്ധ പ്രവർത്തകനും കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ പി.എ. ജയലാലിനെ ബാഡ്ജ് വിതരണത്തിൽ നിന്ന് ഒഴിവാക്കിയതായാണ് പരാതി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് എം.പി. മന്മഥൻ സ്മാരക ലഹരി വിരുദ്ധ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ളയാളാണ് പി.എ. ജയലാൽ. വർഷങ്ങളായി വിദ്യാലയങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് മാജിക്കിലൂടെ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുവരികയാണ് അദ്ദേഹം.
കഴിഞ്ഞ തിങ്കളാഴ്ച പഞ്ചായത്തിൽ നടന്ന തൂഫാൻ വാരിയേഴ്സ് ബാഡ്ജ് വിതരണത്തിൽ ബാഡ്ജ് സ്വീകരിച്ചവരിൽ ചിലർക്കെതിരെ ആരോപണങ്ങളുണ്ടെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. അതേസമയം, ജയലാലിനെ ഒഴിവാക്കിയതിൽ ഭരണപക്ഷമായ കോൺഗ്രസിനുള്ളിൽനിന്നും പ്രതിഷേധം ഉയർന്നതായി പറയുന്നു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ച് മുൻ സ്പീക്കർ ജി. കാർത്തികേയൻ, മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശി എന്നിവരിൽനിന്നും ജയലാലിന് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കടുങ്ങല്ലൂർ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം, ദുരന്തനിവാരണ സമിതി കോർഡിനേറ്റർ, ലഹരി വിരുദ്ധ പ്രവർത്തകൻ എന്നീ നിലകളിലും ജയലാൽ പ്രവർത്തിച്ചുവരികയാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വർഷങ്ങളായി സജീവമായ ഇദ്ദേഹത്തെ തൂഫാൻ വാരിയേഴ്സ് ബാഡ്ജിൽ നിന്ന് ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഫയൽ ചിത്രം: ലഹരി വിരുദ്ധ പ്രവർത്തകനുള്ള പുരസ്കാരം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയിൽ നിന്ന് പി.എ. ജയലാൽ ഏറ്റുവാങ്ങുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ സമീപം.











