ആലുവ: പെൺകുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾക്ക് പ്രോത്സാഹനമേകി ക്രസന്റ് പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ക്രസന്റ് ക്വീൻസ് കപ്പ് ഓൾ കേരള സ്കൂൾ ഗേൾസ് അണ്ടർ-19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ആലുവ നഗരസഭാ ചെയർപേഴ്സൺ സൈജി ജോളി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
ഫുട്ബോൾ ഉൾപ്പെടെയുള്ള കായികമേഖലകളിൽ പെൺകുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ക്രസന്റ് പബ്ലിക് സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സൈജി ജോളി പറഞ്ഞു.
ക്രസന്റ് എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.എം. ഹൈദർ അലി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജരും ട്രസ്റ്റ് സെക്രട്ടറിയുമായ പി.എസ്. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിനുമോൻ വി.ആർ. ആശംസ നേർന്നു. പി.ടി.സി. പ്രസിഡന്റ് മുഹമ്മദ് പി.എ. സംസാരിച്ചു.
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., സംസ്ഥാന സിലബസ് വിഭാഗങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. പെൺകുട്ടികളിലെ കായികമികവും ആത്മവിശ്വാസവും കൂട്ടായ്മയുടെ മനോഭാവവും വളർത്തുകയാണ് ചാമ്പ്യൻഷിപ്പിന്റെ ലക്ഷ്യം.
ഒക്ടോബർ 16ന് ഉച്ചയ്ക്ക് 2.15ന് നടക്കുന്ന സമാപനച്ചടങ്ങിൽ ദക്ഷിണാഫ്രിക്കൻ അണ്ടർ-12 ദേശീയ ഫുട്ബോൾ ടീമിന്റെ ഹെഡ് കോച്ച് റവി മൂഡ്ലി മുഖ്യാതിഥിയാകും.











