നെടുമ്പാശേരി: പാരാ ഏഷ്യൻ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ വെങ്കല മെഡൽ നേടിയ മലയാളി താരം ആൽഫിയ ജെയിംസിന് നെടുമ്പാശേരി വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം നൽകി. മാതാവ് ബിജി ജെയിംസ്, സ്പോർട്സ് കൗൺസിൽ പ്രതിനിധികളായ റെജിൻ ശങ്കർ, അഖിൽ എം. നായർ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവർ താരത്തെ സ്വീകരിക്കാനെത്തി. ജപ്പാനിലെ നഗോയയിൽ നടന്ന ഗെയിംസിൽ ഡബ്ല്യുഎച്ച്1–ഡബ്ല്യുഎച്ച്2 വിഭാഗത്തിലാണ് ആൽഫിയ മെഡൽ നേടിയത്. പാരാ ഏഷ്യൻ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റണിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ താരമെന്ന നേട്ടവും ആൽഫിയ സ്വന്തമാക്കി. മൂവാറ്റുപുഴ മാറാടി സ്വദേശിയായ ആൽഫിയ മുട്ടം ശാന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ പഠിക്കുമ്പോൾ ബാസ്കറ്റ്ബോൾ താരമായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തെത്തുടർന്ന് അരയ്ക്കു താഴെ തളർച്ച സംഭവിച്ചെങ്കിലും തളരാതെ കായികരംഗത്തേക്ക് തിരിച്ചെത്തിയ ആൽഫിയ പിന്നീട് ബാഡ്മിന്റണിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തിന് അഭിമാനമായി.











