ആലുവ: യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ 20കാരിയെ സമയബന്ധിതമായി ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാരും സഹയാത്രികരും മാതൃകയായി.
ബുധനാഴ്ച വൈകിട്ട് 5.30ന് ആലുവ കോട്ടപ്പുറം ബസ് സ്റ്റോപ്പിൽനിന്ന് കയറിയ യുവതിയാണ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് തലയ്ക്ക് പരിക്കേറ്റത്. ആലുവ ടോണീസ് കണ്ണാശുപത്രിയിലെ ട്രെയിനിങ് വിദ്യാർഥിനിയാണ് യുവതി.
ബസിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിനി രജനി, തൃശൂർ മൂന്ന് പീടിക സ്വദേശിനി ശ്രീലക്ഷ്മി എന്നിവർ വിവരം കണ്ടക്ടർ സുനിലിനെ അറിയിച്ചു. തുടർന്ന് ഡ്രൈവർ ശ്രീകുമാർ ബസ് വേഗത്തിൽ ആലുവ നജാത്ത് ആശുപത്രിയിലെത്തിച്ചു.
യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി ആർ.എം.ഒ. ഡോ. ബ്രഹ്മദത്ത് അറിയിച്ചു. വീട്ടുകാർ ആശുപത്രിയിലെത്തിയ ശേഷമാണ് യുവതിയെ സഹായിച്ച സഹയാത്രികർ മടങ്ങിയത്. ആലുവ ഡിപ്പോയിലെ കെ.എൽ. 15–8465 നമ്പർ ബസാണ് അടിയന്തര ഘട്ടത്തിൽ ആംബുലൻസായി മാറിയത്.











