കടുങ്ങല്ലൂർ: ദേശീയപാതയിലെ തോട്ടക്കാട്ടുകവലയിൽ നിന്ന് ആലുവ മണപ്പുറത്തേക്കും സെന്റ് ആൻസ് പള്ളിയിലേക്കും പ്രവേശിക്കാൻ മേൽപ്പാലം നിർമിക്കണമെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് അംഗം ശ്രീകുമാർ മുല്ലേപ്പിള്ളി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ദേശീയപാത അധികൃതർക്കും പരാതി നൽകി.
കടുങ്ങല്ലൂർ ഭാഗത്തുനിന്ന് ആരാധനാലയങ്ങളിലേക്ക് പോകുന്നവർക്ക് ദേശീയപാത മുറിച്ചുകടക്കാൻ പ്രത്യേക സിഗ്നൽ സംവിധാനമില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. വാഹനങ്ങൾക്ക് സിഗ്നൽ സംവിധാനമുണ്ടെങ്കിലും കാൽനടയാത്രക്കാർക്ക് മതിയായ സൗകര്യമില്ലാത്തതിനാൽ ജീവൻ പണയപ്പെടുത്തിയാണ് പലരും റോഡ് മുറിച്ചുകടക്കുന്നത്.
കടുങ്ങല്ലൂർ റോഡിൽനിന്ന് മണപ്പുറം റോഡിലേക്ക് പ്രവേശിക്കാൻ മേൽപ്പാലം നിർമിച്ചാൽ നാട്ടുകാർക്ക് സുരക്ഷിതമായി ദേശീയപാത മറികടക്കാനാകും. ദേശീയപാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ റോഡ് മുറിച്ചുകടക്കുന്നത് കൂടുതൽ പ്രയാസകരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും കണക്കിലെടുത്ത് തോട്ടക്കാട്ടുകവലയിൽ അടിയന്തരമായി മേൽപ്പാലം നിർമിക്കണമെന്നാണ് ശ്രീകുമാർ മുല്ലേപ്പിള്ളിയുടെ ആവശ്യം











